Friday, 8 February 2019

#Kumbalangi nights
Language : Malayalam
Running time : 135 minute
Genre : Comedy Drama

ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീര ചിത്രം. ഒരുപാട് ചിരിക്കാനും വേണമെങ്കിൽ കുറച്ചു അധികം ചിന്തിക്കാനുമുള്ള 135മിനിറ്റുള്ള  പച്ചയായ ജീവിതനിമിഷങ്ങൾ , മധു സി നാരായണന്റെ ഡയറകഷനിൽ ശ്യാം പുഷ്കർ എന്ന അസാധ്യ മനുഷ്യന്റെ തൂലികയിൽ, വളരെ കുറച്ചു കഥാപാത്രങ്ങളെ മാത്രം ഉൾകൊള്ളിച്ചു ഷൈജു ഖാലിദ്ന്റെ ക്യാമറകണ്ണുകളിൽ പിറന്ന അത്ഭുത സൃഷ്ടിയാണ് കുമ്പളങ്ങി നൈറ്റ്സ് , പാര്യമ്പര്യ സിനിമ ശൈലികളെ അടിമുടി മാറ്റി പുനർസൃഷ്ട്ടിച്ച ഗംഭീര എഴുതു തന്നെയാണ് ചിത്രത്തിന്റെ വിജയം. 

മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നതും സ്നേഹിക്കുന്നതുമാണ് ഏറ്റവും വലിയ സംസ്കാരമെന്ന് ഊഷ്മളമായി ഓർമപ്പെടുത്തുമ്പോൾ കുമ്പളങ്ങിയിലെ രാവുകൾക്ക് പകലിന്റെ വല്ലാത്തൊരു വെളിച്ചമുള്ളത്  പോലെ തോന്നി

സ്വന്തം കാര്യം നോക്കി തന്നിഷ്ടപ്രകാരം ജീവിക്കുന്ന കുമ്പളങ്ങി എന്ന സ്ഥലത്തെ, നാല് സഹോദരങ്ങളും  അവർ അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിത പ്രശ്ങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു 

ചിത്രം കണ്ടു തുടങ്ങുമ്പോൾ, സൗബിൻ അവതരിപ്പിച്ച 'സജി' എന്ന കഥാപാത്രം മികച്ചതായി തോന്നിയേക്കാം, എന്നാൽ ചിത്രം അവസാനിക്കുമ്പോൾ എല്ലാവരും തന്നെ മികച്ച കഥാപത്രമായി മാറുന്ന കാഴ്ചയാണ് കണ്ടത്, എടുത്തു പറയേണ്ടത് ഫഹദ് ന്റെ 'ഷമ്മി' എന്ന കഥാപാത്രമാണ്, കരിയറിൽ ഇത്ര ഉയരത്തിൽ എത്തി നിന്നിട്ടും അദ്ദേഹം ഈ കഥാപാത്രം ചെയ്യാൻ കാണിച്ച ആ ധൈര്യത്തിനു  ഗംഭീര കയ്യടി അർഹിക്കുന്നു,  നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രങ്ങൾ ഫഹദ് മുമ്പും  ചെയ്തിട്ടുണ്ടെങ്കിലും അതുമായി യാതൊരു സാമ്യവും തോന്നിക്കില്ല ഷമ്മിക്കു,
'ഫഹദ് ഫാസിൽ ഭാവങ്ങൾ' എന്ന ഗണത്തിൽ പെടുത്താൻ ഉതകുന്ന മറ്റൊരു മൈൽ സ്റ്റോൺ ആണ് 'ഷമ്മി '...ഷൈന്റെ 'ബോബിയും' ഭാസിടെ ബോണിയും (കുറച്ചുകൂടി സ്‌പേസ് കൊടുക്കാമെന്നു തോന്നിപോയി )  അന്നയുടെ ബേബിമോളും ഉൾപ്പെടെ എല്ലാവരും തന്നെ കയ്യടി അർഹിക്കുന്ന അഭിനയ പ്രകടനമാണ് കാഴ്ചവെച്ചത്

ഷൈജു ഖാലിദ് ന്റെ ഫ്രയിംകൾ വാക്കുകൾക് അതീതം...അത്രക്കും മനോഹരമായിരുന്നു കുമ്പളങ്ങിയിലെ കാഴ്ചകൾ, ശുഷിൻ ശ്യാമിന്റെ ഗാനങ്ങൾ കുമ്പളങ്ങിയെ  ആഴത്തിൽ സ്പർശിക്കുന്നതായിരുന്നു, ഷൈജു ശ്രീധരന്റെ ചിത്രസംയോജനവും വളരെ മികച്ചു നിന്നു 

കണ്ണുകൊണ്ടല്ല പ്രണയിക്കേണ്ടതെന്നും  "യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ" എന്ന് പറഞ്ഞ് മതത്തിന് മുകളിൽ മനുഷ്യത്വം ഉയർത്തിപിടിച്ചതിനും, കറുത്തവനെ കോമാളിയാക്കാത്തതിനും, എങ്ങനത്തെ ചേട്ടനായാലും എടീ, പോടീ എന്ന് വിളിക്കണ്ടെന്ന് പറഞ്ഞ് ആണാധിപത്യത്തിന്റെ മുനയൊടിച്ചതിനും, സാഹോദര്യത്തിന്റെ ഫോർമുല മാറ്റിയതിനും, പല തന്ത പ്രയോഗം പ്രഥമ ദൃഷ്ടിയിൽ ശുദ്ധ മണ്ടത്തരം ആണെന്ന് പറഞ്ഞതിനും, മലയാള സിനിമയിൽ ആശയദാരിദ്ര്യമില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞതിനും, ഇങ്ങനൊരു സിനിമ തന്നതിനും 
സിനിമ മനസ്സിൽ ജീവിക്കേണ്ടതാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചതിനും...ഒരുപാട് നന്ദി ശ്യാം പുഷ്‌കർ & മധു സി നാരായണൻ 


2 comments: